വീണ്ടും പേവിഷ മരണം; തിരുവനന്തപുരത്ത് ഏഴുവയസുകാരി മരിച്ചു
Monday, May 5, 2025 2:09 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്താൽ ചികിത്സയിലായിരുന്നു കുട്ടി. ഇതോടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
ഏപ്രിൽ എട്ടിനാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സീൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു.
29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. സംഭവത്തിൽ പബ്ലിക് ഹെൽത്ത് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ, ഏപ്രിൽ ഒൻപതിനു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രിൽ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (ആറ്) പേ വിഷബാധയേറ്റ് മരിച്ചിരുന്നു.