കുളത്തിൽ വീണ് ബന്ധുക്കളായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
Tuesday, April 29, 2025 7:11 PM IST
പാലക്കാട്: കുളത്തിൽ വീണ് ബന്ധുക്കളായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. പാലക്കാട് മീന്‍വല്ലം തുടിക്കോടുണ്ടായ സംഭവത്തിൽ രാധിക (6), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരിച്ചത്.
തുടിക്കോട് സ്വദേശി പ്രകാശിന്റെയും അനിതയുടെയും മക്കളാണ് പ്രതീഷും പ്രദീപും പ്രകാശന്റെ സഹോദരിയുടെ മകളാണ് രാധിക. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ കാണാതായിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ തുടിക്കോട് ചിറയുടെ സമീപത്തു നിന്ന് കുട്ടികളുടെ ചെരുപ്പ് കണ്ടെത്തി. പിന്നീട് ചിറയിൽ നടത്തിയ തെരച്ചിലിലാണ് മൂന്നു കുട്ടികളെയും കണ്ടെത്തിയത്. ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രകാശൻ ആശുപത്രിയിലായതിനാൽ ഭാര്യ അനിതയും ഒരു വയസുള്ള കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടികൾ ചിറയിലേക്ക് പോയിരിക്കാമെന്നും അങ്ങനെ അപകടത്തിൽപ്പെട്ടതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.