പുലിപ്പല്ല് ലോക്കറ്റ്: റാപ്പർ വേടൻ അറസ്റ്റിൽ, മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി
Tuesday, April 29, 2025 11:52 AM IST
കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന് എന്ന വി.എം. ഹിരണ്‍ദാസിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കഴുത്തില്‍ കിടന്ന മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിലാണ് നടപടി. മൃഗവേട്ടയടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. പുല്ലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്ലാറ്റിലും പരിശോധന നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. രാത്രി 11.45 ഓടെ കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച വേടനെ ഇന്ന് രാവിലെ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തിച്ചു ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നടപടികള്‍ക്കുശേഷം വേടനെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. ഇതിനുശേഷമായിരിക്കും കേസിൽ പെരുമ്പാവൂര്‍ മുൻസിഫ് കോടതിയിൽ ഹാജരാക്കുക.
അതേസമയം, വേടന് പുലിപ്പല്ല് സമ്മാനമായി നല്കിയ മലേഷ്യന്‍ പ്രവാസി രഞ്ജിത്ത് കുമ്പിടിക്കായി അന്വേഷണം ഊര്‍ജിതമാക്കി. പുലിപ്പല്ല് കൈമാറിയത് ചെന്നൈയില്‍ വച്ചാണെന്നാണ് വേടന് മൊഴി നല്‍കിയിരിക്കുന്നത്. ആരാധകന് സമ്മാനിച്ചുവെന്നു പറയുന്ന ഈ പുലിപ്പല്ല് അയാള്‍ക്ക് എവിടെ നിന്ന് ലഭിച്ചുവെന്നും മൃഗവേട്ട അടക്കം നടന്നിട്ടുണ്ടോ എന്നുമാണ് വനം വകുപ്പ് പരിശോധിക്കുന്നത്.
പ്രാഥമിക പരിശോധനയില്‍ പുലിപ്പല്ല് തന്നെയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. കൂടുതല്‍ പരിശോധനയ്ക്കായി ഹൈദ്രാബാദിലെ ലാബില്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. ജാമ്യമില്ലാ കുറ്റമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് മുതല്‍ ഏഴുവര്‍ഷംവരെ തടവും 10,000 രൂപ ശിക്ഷയും ലഭിക്കും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച രാവിലെ 10 ഓടെ എരൂര്‍ കണിയാമ്പുഴയിലുള്ള സ്വാസ് പാര്‍പ്പിട സമുച്ചയത്തിലെ റാപ്പര്‍ വേടന്റെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വേടനും കൂട്ടരും അറസ്റ്റിലായത്.