കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം: കടുത്ത നടപടിയുമായി വനംവകുപ്പ്
Saturday, April 19, 2025 5:22 PM IST
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി വനംവകുപ്പ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസറെയും നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും സസ്പെൻഡ് ചെയ്തു. ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റും.
ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇക്കോ ടൂറിസം നടത്തിപ്പുകാരായ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. അടൂർ കടമ്പനാട് സ്വദേശികളായ അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാം ആണ് മരിച്ചത്. ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അഭിരാം.
ഗാർഡൻ ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂണിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ തൂൺ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. നാലടിയോളം ഉയരമുണ്ടായിരുന്ന തൂണിന്റെ അടിയിൽപെട്ട അഭിരാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നപടിയെടുക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.