പി.ജി. മനുവിന്റെ മരണം; പീഡന പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് അറസ്റ്റിൽ
Wednesday, April 16, 2025 10:29 PM IST
കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി ആണ് അറസ്റ്റിലായാത്.
മനുവിനെതിരേ പ്രചരിപ്പിച്ച വീഡിയോ ഇയാൾ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിൽ ആണ്. വീഡിയോ ഉപയോഗിച്ച് മനുവിനെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു.
പണം നൽകിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെ ഇയാൾ വീഡിയോ പ്രചരിപ്പിച്ചു. ഭാര്യക്കും സഹോദരിക്കും മുന്നിൽവച്ച് മനുവിനെ ദേഹോപദ്രവമേൽപ്പിച്ചെന്നും പോലീസ് പറയുന്നു.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്.
മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പോലീസ് വിശദമായി പരിശോധിച്ചിരുന്നു.