ഗൂഢാലോചന അന്വേഷിപ്പിക്കണം; കെ.എം.ഏബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകി
Tuesday, April 15, 2025 11:44 PM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ഗൂഢാലോചന അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേസിൽ കെ.എം.ഏബ്രഹാമിനെതിരെ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. ജോമോനൊപ്പം രണ്ടു പേർക്കുകൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
2015 മുതൽ ഗൂഢാലോചന നടന്നു. മൂന്ന് പേരും സംസാരിച്ചന്റെ കാൾ റെക്കോർഡ് രേഖ തന്റെ പക്കൽ ഉണ്ടെന്നും കെ.എം.ഏബ്രഹാം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് പ്രകാരം സിബിഐ കൊച്ചിയൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് കെ.എം.എബ്രഹാമിന്റെ നീക്കം. ഇതിനായി അഭിഭാഷമാരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.