മുർഷിദാബാദിൽ വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു
Saturday, April 12, 2025 6:18 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ആണ് സംഭവം.
വഖഫ് ബില്ലിനെതിരായി നടന്ന പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. അതേസമയം വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധം ശക്തമാകുകയാണ്.
മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 110 പേർ അറസ്റ്റിലായെന്നാണ് വിവരം. നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതൽ പ്രക്ഷോഭം ആരംഭിച്ചത്.
മുർഷിദാബാദിൽ സംഘർഷം നടക്കുന്നതിനാൽ വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ക്രമസമാധാന പാലനത്തിന് പോലീസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.