മാസപ്പടി കേസ് എൽഡിഎഫിന്റെ കേസല്ല; രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടെന്ന് ബിനോയ് വിശ്വം
Friday, April 11, 2025 4:57 PM IST
തിരുവനന്തപുരം: മാസപ്പടി കേസ് എൽഡിഎഫിന്റെ കേസല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
അത് അതിന്റെ വഴിക്ക് പോകട്ടെ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കാര്യത്തിൽ സിപിഐക്ക് രാഷ്ട്രീയ താത്പര്യമില്ല.
വീണയുടെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും രണ്ടാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കലർത്തിയാൽ സിപിഐ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാസപ്പടി കേസില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹര്‍ജി നല്കി. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി നമ്പറിട്ടു ഫയലില്‍ സ്വീകരിച്ചശേഷം ഇഡിയുടെ ഹര്‍ജി വിചാരണക്കോടതി പരിഗണിക്കും.
എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാകും പകര്‍പ്പ് കോടതി ഇഡിക്ക് കൈമാറുക. കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്ഐഒ കണ്ടെത്തിയാലും ഇഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന് ചുമതല.
കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇഡിക്കു കടക്കാന്‍ കഴിയും.
എസ്എഫ്ഐ ഒ നല്കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണു പ്രതികള്‍.