കെ.രാധാകൃഷ്ണന് ആശ്വാസം; കരുവന്നൂർ കേസിൽ ഇനി ഹാജരാകേണ്ടതില്ല
Wednesday, April 9, 2025 9:31 AM IST
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ.രാധാകൃഷ്ണൻ എംപി ഇനി ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടതില്ല. പാര്‍ട്ടി തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന തനിക്ക് ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് എംപി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു.
ചൊവ്വാഴ്ച എട്ടു മണിക്കൂറോളം എംപിയെ ഇഡി ചോദ്യം ചെയ്തിരുന്നു. രാധാകൃഷ്ണനെ പ്രതിപ്പട്ടികയില്‍ ചേര്ത്തേക്കില്ലെന്നാണ് സൂചന. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് ഇഡി തന്നെ വിളിപ്പച്ചതെന്ന് എംപി പ്രതികരിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് കെ.രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തത്.