ആശ പ്രവർത്തകരുടെ ഓണറേറിയം; സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര മന്ത്രി
Friday, March 28, 2025 8:44 PM IST
ന്യൂഡല്‍ഹി: ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ്. ആശ പ്രവർത്തകരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യമേഖലയുടെ ശാക്തീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മൊത്തത്തില്‍ ഫണ്ട് അനുവദിക്കുകയാണ്. 2024-25 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് 1350 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലേക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപിക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. ആശമാരുടെ ഓണറേറിയം നല്കാന് കുടിശികയുള്ള തുക കേന്ദ്രം കേരളത്തിന് നല്‍കണമെന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം.
അതേസമയം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർ സമരം കടുപ്പിക്കാനൊരുങ്ങുകയാണ്. സമരം 50 ദിവസം പൂർത്തിയാകുന്ന ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കും.
മാർച്ച് 31ന് ആണ് സമരം 50 ദിവസം പിന്നിടുന്നത്. സമരത്തോടുള്ളസർക്കാർ സമീപനം അങ്ങേയറ്റം ഖേദകരമാണെന്നും സമരസമിതി പറഞ്ഞു.
മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. സർക്കാർ സമരക്കാരോട് പ്രതികാര നടപടി തുടരുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തി.