മദ്യനയ അഴിമതി കേസ്; കേജരിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി
Wednesday, January 15, 2025 10:59 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലാണ് കേജരിവാളും സിസോദിയയും. മദ്യമാഫിയയുടെ സ്വാധീനവും കരിഞ്ചന്തയും അവസാനിപ്പിക്കാൻ പുതിയ മദ്യനയം ആവിഷ്കരിക്കുന്നു എന്ന വിശദീകരണത്തോടെയാണ് 2021 നവംബർ 17 മുതൽ ഡിൽഹി മദ്യനയം പ്രാബല്യത്തിൽ വന്നത്.
പുതിയ മദ്യ നയത്തോടെ തലസ്ഥാന നഗരിയിലെ മദ്യവിൽപ്പനയിൽ സർക്കാരിന് നിയന്ത്രണമില്ലാതായതായി ആക്ഷേപം ഉയർന്നു. തുടർന്ന് ലഫ്റ്റനന്റ് ഗവർണർ ഡൽഹി മദ്യനയ കേസിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തതോടെ 2022 ജൂലൈ 30ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ പുതിയ നയം പിൻവലിക്കുകയും പഴയ മദ്യനയം വീണ്ടും പ്രാബല്യത്തിൽ കൊണ്ട് വരികയുമായിരുന്നു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി കേജരിവാളിനെ ഉയർത്തിക്കാണിച്ചാണ് എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഈ സാഹചര്യത്തിലാണ് എഎപിയുടെ പ്രമുഖ നേതാക്കളായ കേജരിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.