മാപ്പുപറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ; കോടതിയിൽ ഹാജരാക്കി
Thursday, January 9, 2025 1:48 PM IST
കൊച്ചി: മാപ്പു പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബിയെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോടു വീണ്ടും പ്രതികരിച്ചത്. ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നും ബോബി കൂട്ടിച്ചേർത്തു.
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. അഡ്വ. ബി രാമന്‍പിള്ളയാണ് പ്രതിക്കുവേണ്ടി ഹാജരായത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും അത് അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടു.
തനിക്കെതിരേ ഉയരുന്നത് വ്യാജ ആരോപണമാണെന്ന് കോടതിയിലും ബോബി ആവർത്തിച്ചു. ശരീരത്തിൽ സ്പർശിച്ചു എന്നുപറയുന്നത് തെറ്റാണ്. 30 മണിക്കൂറായി പോലീസ് കസ്റ്റഡിയിലാണെന്നും ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ തെളിവ് ഹാജരാക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചപ്പോൾ ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരി തന്നെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ടെന്നും വിവാദ പരാമർശത്തിനു ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് ഹണി റോസിന്റെ പരാതി കോടതിയിൽ വായിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കേസിൽ ഉച്ചയ്ക്കുശേഷം വിധി പറയുമെന്ന് അറിയിച്ചു.