മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല
Saturday, January 4, 2025 7:46 PM IST
മലപ്പുറം: മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
മലപ്പുറത്ത് കെഎംസിസി നേതാവിന്റെ വീട്ടിൽവച്ചാണ് ലീഗ് നേതാക്കളെ ചെന്നിത്തല കണ്ടത്. പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സമ്മേളന വേദിയിലും ചെന്നിത്തല എത്തി. കഴിഞ്ഞ ദിവസം മന്നം ജയന്തി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ ആണ് സാമുദായിക നേതാക്കൾ പിന്തുണയ്ക്കുന്നത് എന്ന തരത്തിൽ ചർച്ചകൾ വരുന്നതിനിടെയാണ് ചെന്നിത്തല ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പാണ് ചർച്ചയാക്കേണ്ടതെന്നും യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉണ്ട്. താന്‍ സമസ്തയുടെ പരിപാടിയില്‍ പങ്കെടുത്തത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാത്തവണയും ഇത്തരം പരിപാടികള്‍ക്ക് വിളിക്കാറുണ്ട്, താന്‍ പോകാറുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ സമുദായങ്ങളുമായും തനിക്ക് നല്ല ബന്ധമാണെന്നും ആ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.