വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്
ക്രിസ്റ്റോമോൻ തോമസ്
Thursday, December 26, 2024 11:29 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവായിരുന്ന ഡോ. മൻമോഹൻ സിംഗ് രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും പോലും ഇല്ലാതെ വന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു 1991ല്‍ ധനകാര്യ മന്ത്രിയാക്കുന്നത്.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പക്കായി കരുതല്‍ സ്വര്‍ണം പോലും പണയം വെക്കാന്‍ നിര്‍ബന്ധിതമായപ്പോൾ ധനകാര്യ മന്ത്രിയായിരുന്ന മൻമോഹൻ സിംഗ് എടുത്ത തീരുമാനങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു. അങ്ങനെ തകർച്ചയിലേക്കു പോകുകയായിരുന്ന സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണങ്ങളാണ്.
കയറ്റുമതി സബ്സിഡി നിര്‍ത്തി, രൂപയുടെ മൂല്യം താഴ്ത്തി, കമ്പനികളോട് ലൈസന്‍സില്ലാതെ തന്നെ ഉത്പാദനം നടത്താനാവശ്യപ്പെട്ടതടക്കമുള്ള പരിഷ്കാരങ്ങൾ ഏവരുടെയും കൈയടി നേടി. 1992-93ൽ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 5.1 % ലേക്കും 1993-94 കാലത്ത് 7.3 % ലേക്കും ഉയർന്നു. 1991 മുതൽ 1996 വരെയുള്ള അദ്ദേഹത്തിന്റെ ബജറ്റുകൾ രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി.
പിന്നീട് കോൺഗ്രസിന് ഭരണം നഷ്ടമായപ്പോൾ 1998-2004 രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തിളങ്ങാനും മൻമോഹൻ സിംഗിനു കഴിഞ്ഞു. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ പ്രധാനമന്ത്രി കസേര അദ്ദേഹത്തെ തേടിയെത്തി. കാർഷിക കട ബാധ്യതകൾ എഴുതിത്തള്ളിയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയും അദ്ദേഹം 2009 വീണ്ടും യുപിഎയെ ഭരണത്തിലെത്തിച്ചു.