മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു
Thursday, December 26, 2024 9:56 PM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് (92) അന്തരിച്ചു. രാത്രി എട്ടിന് ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.51ന് മരണം സംഭവിക്കുകയായിരുന്നു.
പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി. 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭയിലെ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
1932 സെപ്റ്റംബർ 26ന് പാക്കിസ്ഥാനിലെ പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്.
1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ,യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1987ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിംഗ്, ദമൻ സിംഗ്, അമൃത് സിംഗ്.