പാർലമെന്റിനു മുന്നിൽ യുവാവ് സ്വയം തീകൊളുത്തി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
Wednesday, December 25, 2024 5:39 PM IST
ന്യൂഡൽഹി: പാർലമെന്റിനു മുന്നിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള റോഡിലാണ് സംഭവം.
ഉത്തർപ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളുടെ പക്കൽനിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പെട്രോൾ പോലെയുള്ള വസ്തു ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
പൊള്ളലേറ്റ യുവാവിനെ ഉടൻ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളുടെ ഒരു ബാഗ് റോഡിൽ വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബാഗും ആത്മഹത്യാ കുറിപ്പും പോലീസ് സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.
കുറിപ്പിലെ വിശദാംശങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ഫോറൻസിക്ക് സംഘവും ഡൽഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.