ക്രിസ്മസ് ദിനത്തിൽ സിബിസിഐ ആസ്ഥാനം സന്ദർശിച്ച് ജെ.പി. നഡ്ഡ; ആഘോഷത്തിൽ പങ്കെടുത്തു
Wednesday, December 25, 2024 1:24 PM IST
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആസ്ഥാനം സന്ദർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ. ബിജെപി എംപി ബാൻസൂരി സ്വരാജ്, കമാൽജീത് ഷെഹ്രാവത്ത്, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ എന്നിവരും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ നഡ്ഡയെ സ്വീകരിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത അദ്ദേഹം ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയ്ക്കൊപ്പം സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ എത്തി പ്രാർഥനകളിലും പങ്കാളിയായി. തുടർന്ന് വൈദികരുമായി കൂടിക്കാഴ്ച നടത്തിയ നഡ്ഡ ക്രിസ്മസ് സന്ദേശം നൽകിയതിന് ശേഷമാണ് മടങ്ങിയത്.
രാജ്യത്തെ ക്രിസ്ത്യൻ വിഭാഗത്തിന്റെ ആശങ്ക കേന്ദ്രമന്ത്രിയെ അറിയിച്ചതായി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ വിശദീകരിച്ചു. മണിപ്പുർ പ്രത്യേകം പരാമർശിച്ചില്ല. പക്ഷേ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനം സന്ദർശിച്ചിരുന്നു. അവിടുത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത നരേന്ദ്രമോദി ചടങ്ങിനെ അഭിസംബോധന ചെയ്തിരുന്നു.