ആനയെഴുന്നള്ളിപ്പ് ചട്ടം പാലിച്ച് നടത്താമെന്ന് സുപ്രീംകോടതി
Thursday, December 19, 2024 12:59 PM IST
ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആനയെഴുന്നള്ളിപ്പ് ചട്ടം പാലിച്ച് നടത്താമെന്നും സുപീംകോടതി ഉത്തരവിട്ടു.
ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് കോടതി വിധി. ചട്ടങ്ങൾക്ക് വിരുദ്ധമായി പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
ഹൈക്കോടതി ഉത്തരവ് പ്രായോഗികമെന്ന് തോന്നുന്നില്ല. ശൂന്യതയിൽനിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റീസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റീസ് നാഗരത്ന അഭിപ്രായപ്പെട്ടു. നിയമങ്ങൾ പാലിച്ച് അല്ലേ പൂരം അടക്കം നടക്കുന്നതെന്ന് കോടതി ചോദിച്ചു.
ഹർജിയിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും നോട്ടീസ് അയച്ചു. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്.
പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.