ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; തമിഴ്നാട്ടിൽ ജാഗ്രത
Saturday, November 30, 2024 8:43 AM IST
ചെന്നൈ: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കു ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ചുഴിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് തമിഴ്നാട്ടിലെങ്ങും ജാഗ്രതയാണ്. ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യുന്നതിനായി റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി രാമചന്ദ്രന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, കാഞ്ചീപുരം, വില്ലുപുരം, കള്ളാക്കുറിച്ചി, കടലൂര്‍ ജില്ലകള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും മയിലാടുതുറൈ, നാഗപ്പട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു.