എഡിഎമ്മിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
Wednesday, November 27, 2024 11:46 AM IST
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി നടപടി. ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹർജിയിൽ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. വാദം പൂർത്തിയാകുന്നതുവരെ കുറ്റപത്രം നൽകരുതെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു. കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകളാകും. സിപിഎമ്മിന്റെ സജീവ പ്രവർത്തകയാണ് പ്രതി. ഇവർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.
അതേസമയം നവീൻ ബാബുവിന്റേത് കൊലപാതകം എന്നാണോ സംശയിക്കുന്നതെന്ന് ഹർജിക്കാരിയോട് കോടതി ചോദിച്ചു. ആത്മഹത്യയെന്നല്ലേ പുറത്തുവന്നതെന്നും കോടതി നിരീക്ഷിച്ചു. ഹർജിയിൽ ഡിസംബർ ഒൻപതിന് വിശദമായ വാദം കോടതി കേൾക്കും.