ഹർത്താൽ മാത്രമാണോ ഏക സമരമാര്‍ഗം? ഇത് അംഗീകരിക്കാനാവില്ല: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Friday, November 22, 2024 11:49 AM IST
കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തിയ ഹര്‍ത്താലിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റീസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വി.എ. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിവിഷന് ബെഞ്ചിന്റെ നീരീക്ഷണം. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക? വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്? ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.