സംഘർഷം; മണിപ്പൂരിലെ ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി
Thursday, November 21, 2024 12:24 AM IST
ഇംഫാൽ: മണിപ്പൂരിലെ പ്രശ്നബാധിതമായ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് സർക്കാർ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ, തൗബൽ, കാക്ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് നിർത്തിവച്ചത്.
അതേസമയം, ക്രമസമാധാന നിലയിൽ പുരോഗതി ഉണ്ടായ ഇംഫാൽ താഴ്വരയിലെ നാല് ജില്ലകളിൽ കർഫ്യൂ അഞ്ച് മണിക്കൂർ ഇളവ് ചെയ്തു.
നവംബർ 15, 16 തീയതികളിൽ ജിരിബാം ജില്ലയിൽ കാണാതായ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിനെത്തുടർന്ന് നവംബർ 16ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ഉൾപ്പെടെയുള്ള താഴ്വര ജില്ലകളിൽ ആൾക്കൂട്ട ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് നവംബർ 16ന് ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് ഈ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, ഡാറ്റ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.