പാലക്കാട്ട് സ്വതന്ത്രനായി മത്സരിക്കും; പോരാട്ടം പാർട്ടിക്കകത്തെ പുഴുക്കൾക്ക് വേണ്ടിയെന്ന് ഷാനിബ്
Tuesday, October 22, 2024 11:43 AM IST
പാലക്കാട്: കോണ്‍ഗ്രസിന് വീണ്ടും തലവേദനയായി പാലക്കാട് വിമത സ്ഥാനാര്‍ഥി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബ്.
മറ്റന്നാൾ പത്രിക സമർപ്പിക്കും. പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് തന്റെ പോരാട്ടം. താൻ മത്സരിക്കുന്നത് ഒരിക്കലും ബിജെപിക്ക് ഗുണകരമാവില്ലെന്നും ഷാനിബ് പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേയും ഷാനിബ് രൂക്ഷ വിമർശനമുന്നയിച്ചു. ഉപതെരെഞ്ഞുടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങൾ പാലക്കാട് പാളുമെന്ന് ഷാനിബ് പ്രതികരിച്ചു.
മുഖ്യമന്ത്രിയാകാന്‍ വേണ്ടി സതീശന് എല്ലാവരെയും ചവിട്ടിമെതിക്കുകയാണ്. സതീശന് ധാര്‍ഷ്ട്യമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയാറാവുന്നില്ലെന്നും ഷാനിബ് വിമർശിച്ചു.
പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണ്.ബിജെപി യുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് ലക്ഷ്യം. അധികാരത്തിനു വേണ്ടി സതീശൻ എന്തും ചെയ്യുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.