ബിഹാർ വോട്ടർപട്ടിക: ഹർജി ഇന്ന് പരിഗണിക്കും
Thursday, July 10, 2025 9:00 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കെതിരായ (എസ്ഐആർ) രണ്ട് ഹർജികൾകൂടി ഇന്നു സുപ്രീംകോടതിയിൽ.
എസ്ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഇവയും ഇന്ന് പരിഗണിക്കാമെന്ന് ജസ്റ്റീസ് സുധാൻശു ധുലൈ, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് അറിയിച്ചിരുന്നു.
ജനനം, താമസസ്ഥലം, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെയും പ്രാധിനിത്യ ജനാധിപത്യത്തിന്റെ തത്വത്തെയും ദുർബലപ്പെടുത്തുമെന്ന് സാമൂഹിക പ്രവർത്തകരായ അർഷാദ് അജ്മൽ, രൂപേഷ് കുമാർ എന്നിവർ ഹർജിയിൽ പറയുന്നു.
ഇത്തരം ഒഴിവാക്കൽ നടപടികൾ നിയമപരമായ അടിത്തറയില്ലാത്തതാണെന്നും വലിയൊരു വിഭാഗം വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.