സൂംബാ വിവാദം; ടി.കെ.അഷ്റഫിന്റെ സസ്പെന്ഷന് റദ്ദാക്കി
Monday, July 7, 2025 11:12 PM IST
കൊച്ചി: സ്കൂളുകളിൽ നടപ്പിലാക്കുന്ന സൂംബാ നൃത്തത്തിനെതിരെ നിലപാടെടുത്ത അധ്യാപകനായ ടി.കെ.അഷ്റഫിന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും നടപടി പുനഃപരിശോധിക്കണമെന്നും മാനേജമെന്റിന് ഹൈക്കോടതി നിര്‍ദേശം നല്കി.
തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെടുത്തതെന്ന് ടി.കെ.അഷ്റഫ് കോടതിയെ അറിയിച്ചു. മെമ്മോ നല്കി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നല്കിയാല് അതില്‍ മറുപടി കേള്‍ക്കാന്‍ തയാറാവണം. അതുണ്ടായില്ലെന്ന് ടി.കെ.അഷ്റഫിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയാണ് ടി.കെ.അഷ്റഫ്. സ്കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹം രംഗത്തെത്തിയിരുന്നു. കൂടാതെ താനും കുടുംബവും സൂംബയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.