ആർച്ച്ബിഷപ് ഡോ. മാർ അപ്രേം കാലം ചെയ്തു
Monday, July 7, 2025 6:00 PM IST
തൃശൂർ: കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ ഡോ.മാർ അപ്രേം മെത്രാപ്പോലീത്ത (85) കാലംചെയ്തു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സണ്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 9.45നായിരുന്നു അന്ത്യം.
സഭയുടെ ആസ്ഥാനമായ തൃശൂർ ശക്തൻനഗറിലെ അരമനയിൽ പൊതുദർശനത്തിനുവച്ച മൃതദേഹം മാർത്ത് മറിയം വലിയപള്ളിയിലെത്തിച്ചു. ഇവിടെ ചൊവ്വാഴ്ചവരെ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് കുരുവിളയച്ചൻ ദേവാലയത്തിൽ നടത്തും. സംസ്കാര ശുശ്രൂഷയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഏഴിനു കുർബാന, 10ന് ശുശ്രൂഷ, 11നു നഗരികാണിക്കൽ. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് മൃതദേഹം സംസ്കരിക്കും.
ഉച്ചകഴിഞ്ഞു മൂന്നിന് അനുശോചനസമ്മേളനവും നടക്കും. സംസ്കാരച്ചടങ്ങിൽ ഓസ്ട്രേലിയയിൽനിന്നും മറ്റു സിനഡുകളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.