നിപ്പ: പാലക്കാട്ട് മൂന്നുപേർ ഐസൊലേഷനിൽ
Sunday, July 6, 2025 10:37 PM IST
പാലക്കാട്: ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച യുവതിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ സാധ്യതാ ലിസ്റ്റിലുള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നു. 173 പേരെയാണ് നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2,185 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകി.
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 21 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.