ട്രംപിനെതിരായ പോരാട്ടം; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
Sunday, July 6, 2025 3:33 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തിനു പിന്നാലെ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനായി അമേരിക്ക എന്ന പേരിൽ പാർട്ടി രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
നിലവിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്ക് തുറന്നടിച്ചു. നിങ്ങള്‍ക്ക് പുതിയ ഒരു പാര്‍ട്ടി വേണമെന്നാണ് ആവശ്യമെന്ന് വ്യക്തമായെന്നും അത് സംഭവിച്ചിരിക്കുന്നുവെന്നും മസ്ക് കുറിച്ചു. പാഴ്ചെലവും അഴിമതിയും കാരണം രാജ്യത്തെ കടക്കെണിയിലാക്കുന്നു.
നമ്മള് ജനാധിപത്യത്തിൽ അല്ല ഏക പാര്‍ട്ടി സമ്പ്രദായത്തിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ "വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടെ പാസായതിനു പിന്നാലെയാണ് മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
ബിൽ സെനറ്റിൽ പാസാക്കിയാൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.