ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം
Saturday, July 5, 2025 4:12 AM IST
തൃശൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തിങ്കളാഴ്ച ഗുരുവായൂരിൽ ദർശനത്തിനെത്തുന്നതിനാൽ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ടു മുതൽ പത്തു വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.
വിവാഹം, ചോറൂൺ എന്നിവ രാവിലെ ഏഴിനു മുമ്പോ പത്തിന്ശേഷമോ നടത്തണം. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തും. ക്ഷേത്ര ഇന്നർ റിംഗ് റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല.
ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ ആറിന് അവസാനിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.