പടനയിച്ച് ഗിൽ; റൺമല തീർത്ത് ഇന്ത്യ
Thursday, July 3, 2025 9:41 PM IST
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 587 റൺസിന് പുറത്ത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (269) തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. 387 പന്തുകൾ നേരിട്ട ഗിൽ 269 റണ്‍സെടുത്തു പുറത്തായി.
അർധസെഞ്ചുറികൾ നേടിയ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്സ്വാളും (87) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിംഗ് ആരംഭിച്ചത്. ജഡേജയും ഗില്ലും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർബോർഡിനെ മുന്നോട്ട് നയിച്ചു.
137 പന്തുകൾ നേരിട്ട ജഡേജ 10 ഫോറും ഒരു സിക്സറും സഹിതമാണ് 89 റൺസെടുത്തത്. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 203 റൺസ് കൂട്ടിച്ചേർത്തു. എട്ടാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ സ്കോർബോർഡിൽ നിർണായക സംഭാവന നൽകി.
103 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം സുന്ദർ 42 റൺസെടുത്തു. ഗില്ലിനൊപ്പം എട്ടാം വിക്കറ്റിൽ 144 റൺസ് കൂട്ടിച്ചേർക്കാനും സുന്ദറിന് കഴിഞ്ഞു. ഇംഗ്ലണ്ടിനായി ഷുഹൈബ് ബഷീർ മൂന്നും ക്രിസ് വോക്സും ജോഷ് ടോംഗും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.