ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം
Tuesday, July 1, 2025 2:21 PM IST
എടത്വ: ആലപ്പുഴ എടത്വ പച്ച-ചെക്കിടിക്കാട് എടിഎം തകർത്ത് മോഷണ ശ്രമം. ഫെഡറൽ ബാങ്ക് പച്ച ശാഖയിലെ എടിഎം തകർത്താണ് മോഷണ ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടോടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പോലീസുമായി ബന്ധപ്പെട്ടിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നിരുന്നു. പോലീസ് ബാങ്ക് അധികൃതരെ വിളിച്ചുവരുത്തിയ ശേഷം സിസിടിവി ദൃശ്യം പരിശോധിച്ചു.
റെയിൻകോട്ടുകൊണ്ട് ശരീരം പൂർണമായി മറച്ച വ്യക്തി കൃത്യം നടത്തിയ ശേഷം റോഡിന്റെ കുറുകെ ഇടവഴിയിലൂടെ നടന്നുപോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.