സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
Tuesday, July 1, 2025 1:23 AM IST
നോര്‍ത്താംപ്റ്റൺ: ഇന്ത്യൻ അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടർ 19 ടീമിന് ജയം. ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്.
ഇന്ത്യ ഉയർത്തിയ 291 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. വെടിക്കെട്ട് സെഞ്ചുറി നേടിയ നായകൻ തോമസ് റ്യൂവിന്റെയും വാലറ്റക്കാരുടെയും ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. 131 റൺസാണ് തോമസ് റ്യു നേടിയത്.
തോമസ് റ്യൂവിന് പുറമെ ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്ര്യൂ ഫ്ലിന്റോഫിന്റെ മകന് റോക്കി ഫ്ലിന്റോഫ് 39 റണ്‍സുമായി തിളങ്ങി. നാല്പതാം ഓവറില്‍ സ്കോര്‍ 230ല്‍ നില്‍ക്കെ റ്യൂ പുറത്തായതോടെ ഇംഗ്ലണ്ട് അണ്ടര്‍ 254-8ലേക്ക് വീണെങ്കിലും വാലറ്റക്കാരായ അലക്സ് ഗ്രീനും(12) സെബാസ്റ്റ്യൻ മോര്‍ഗനും(20*) അലക്സ് ഫ്രഞ്ചും(3*)ചേര്‍ന്ന് ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു.
ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി. സ്കോര്‍ ഇന്ത്യ അണ്ടര്‍ 19, 49 ഓവറില്‍ 290ന് ഓള് ഔട്ട്, ഇംഗ്ലണ്ട് അണ്ടര്‍ 19, 49.3 ഓവറില്‍ 291-9.