തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
Monday, June 30, 2025 11:55 PM IST
തിരുവനന്തപുരം: വെള്ളനാട് ഉറിയാക്കോട് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പള്ളിയിൽപോയി മടങ്ങിവരുന്ന വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെ 68കാരനെ ബൈക്കിടിക്കുകയായിരുന്നു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്.
ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലക്ക് സമീപം ഇന്നലെയായിരുന്നു അപകടം. രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വഴിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ശശിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം മരിച്ചു. നട്ടെല്ലിനും തലയിലും ഗുരുതര പരുക്കുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: ഓമന. മക്കൾ: ഷാജി, ജോൺ. അപകടത്തിൽ പൊലീസ് കേസെടുത്തു.