കാമുകിയുമായി വഴക്കിട്ട യുവതിയെ ക്രൂരമായി മർദിച്ച് യുവാവ്
Sunday, June 29, 2025 1:24 PM IST
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പെൺകുട്ടിയുമായി വഴക്കിട്ട യുവതിയെ വടികൊണ്ട് മർദിച്ച് കാമുകൻ. ഗാസിയാബാദിലെ ഒരു മാളിന് പുറത്താണ് സംഭവം.
ഹർഷ് എന്നയാളാണ് മരവടി കൊണ്ട് യുവതിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആദ്യ അടിയിൽ തന്നെ വടി പകുതിയായി ഒടിഞ്ഞുപോയി. എന്നാൽ ഇയാൾ മർദനം തുടർന്നു.
സംഭവത്തിൽ നൈന വർമ എന്ന യുവതി പരാതി നൽകി. തന്റെ രണ്ട് സുഹൃത്തുക്കളായ റിയ, കാശിഷ് എന്നിവരോടൊപ്പം ഗാസിയാബാദിലെ ആർഡിസി ഏരിയയിലെ ഗൗർ സെന്റർ മാളിൽ താൻ പോയിരുന്നുവെന്നും ഇവിടെ വച്ച് പ്രിയ എന്ന പെൺകുട്ടിയുമായി താൻ വഴക്കുണ്ടായെന്നും പരാതിയിൽ പറയുന്നു.
ഇതേസമയം, പ്രിയയുടെ കാമുകൻ ഹർഷ് തന്നെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ നൈന വർമയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.