ലഹരിക്കെതിരേ പ്രതിരോധം: തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി
Friday, June 27, 2025 12:41 AM IST
കോഴിക്കോട്: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 2 മില്യണ്‍ പ്ലഡ്ജില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിയെന്ന മാരകവിപത്തിനെ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാനായി വിപുലമായ കാമ്പയിനുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത്. ലഹരിവിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കുമൊപ്പം പൊതുജനങ്ങളുടെ സജീവപങ്കാളിത്തം വേണമെന്നും പൊതുസമൂഹത്തെ അണിനിരത്തി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളും പൊതുവിടങ്ങളും കേന്ദ്രമാക്കിയുള്ള ലഹരിമാഫിയയുടെ പ്രവര്‍ത്തനത്തെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. ലഹരിയുടെ വലയില്‍ അകപ്പെടുന്ന കുട്ടികളെയും യുവതലമുറയെയും എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കണമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.