ഇനി മുംബൈയിൽ കളിക്കില്ല; പൃഥ്വി ഷാ ടീം മാറുന്നു
Monday, June 23, 2025 6:35 PM IST
മുംബൈ: യുവതാരം പൃഥ്വി ഷാ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിടുന്നു. മറ്റൊരു സംസ്ഥാനത്തിനായി കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചു.
എൻഒസിക്കുവേണ്ടി പൃഥ്വി ഷാ കത്തയച്ചെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് പൃഥ്വി. കഴിഞ്ഞ സീസണില്‍ താരത്തെ മുംബൈ രഞ്ജി ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
ഫിറ്റ്നസ് ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക് സമ്മാനിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
താരത്തെ ഒഴിവാക്കുന്ന കാര്യത്തിൽ മുംബൈ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഏത് ടീമിലേക്കാണ് പോകുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. 2018ൽ അണ്ടർ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ.
ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയോടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു.