ന്യൂനമർദവും ചക്രവാതച്ചുഴിയും: ഏഴുദിവസം മഴയ്ക്ക് സാധ്യത; ഞായറാഴ്ച മുതൽ ശക്തമാകും, യെല്ലോ അലർട്ട്
Friday, June 20, 2025 3:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യത. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബിഹാറിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കുകിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഏഴുദിവസം മഴ ശക്തമാകുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ വടക്കൻ- തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഞായറാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന വടക്ക് - കിഴക്കൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഗുജറാത്ത്, കൊങ്കൺ, വടക്കൻ ആന്ധ്രപ്രദേശ്, അതിനോട് ചേർന്ന തെക്കൻ ആന്ധ്ര പ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.