ന്യൂനമർദവും പടിഞ്ഞാറൻ കാറ്റും; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Thursday, June 19, 2025 10:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കേരളത്തിനു മുകളിൽ മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, അടുത്ത മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതിചെയ്യുന്ന ശക്തികൂടിയ ന്യൂനമർദം ജാർഖണ്ഡിന് മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, രാജസ്ഥാന് മുകളിൽ മറ്റൊരു ന്യൂനമർദം കൂടി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്.