ഇറാനിൽനിന്ന് 110 ഇന്ത്യൻ വിദ്യാർഥികൾ അർമേനിയയിൽ; ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും
Wednesday, June 18, 2025 9:55 AM IST
ടെഹ്റാൻ: യുദ്ധം രൂക്ഷമായ ഇറാനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുമായി അർമേനിയയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് ന്യൂഡൽഹിയിലെത്തും. 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്.
വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ മാറ്റിയിട്ടുണ്ട്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരിൽ 1,500 പേർ വിദ്യാർഥികളാണ്. ഇതിൽ ഭൂരിഭാഗവും കാഷ്മീരിൽനിന്നുള്ളവരാണ്. യുഎഇ വഴിയും ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധമുഖം കൂടുതൽ തീവ്രമാകുന്നതിനിടെ സ്വയംപര്യാപ്തരായ മറ്റു താമസക്കാരോടും നഗരം വിടാൻ വിദേശകാര്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രാജ്യംവിടാൻ താത്പര്യമുള്ളവർക്ക് അതിർത്തി കടക്കാൻ സഹായം നൽകുമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി നിർദേശം നൽകി.