ഗംഭീർ ഇടപെട്ടു; ഹര്‍ഷിത് റാണയോട് ഇംഗ്ലണ്ടില്‍ തുടരാന്‍ നിർദേശം
Monday, June 16, 2025 6:54 PM IST
ലണ്ടൻ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ഷിത് റാണ ഇന്ത്യൻ സീനിയര്‍ ടീമിലെത്തുമെന്ന് സൂചന. നിലവിൽ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന ഹര്‍ഷിത് റാണയോട് ഇംഗ്ലണ്ടില്‍ തുടരാന്‍ സെലക്ഷന് കമ്മിറ്റി നിർദേശം നൽകി.
ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന താരങ്ങളെല്ലാം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പരയും ഇന്‍ട്രാ സ്ക്വാഡ് മാച്ചും പൂര്‍ത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്. ഇതിനിടെയാണ് ഹര്‍ഷിതിനോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ആവശ്യപ്പെട്ടത്.
കോച്ച് ഗൗതം ഗംഭീറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഹര്‍ഷിത് റാണ ഇംഗ്ലണ്ടില്‍ തുടരുന്നത് എന്നാണ് സൂചന. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറിയ റാണ രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് നേടിയിരുന്നു.
പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കില്ല. ആ സാഹചര്യത്തില്‍ റാണയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ പേസര്‍മാര്‍ നിലവില്‍ ഇന്ത്യയുടെ സ്ക്വാഡിലുണ്ട്.