"മനുഷ്യനെ കൊല്ലാൻ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു, മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പ്'
Monday, June 9, 2025 11:00 AM IST
നിലമ്പുർ: മനുഷ്യനെ കൊല്ലാൻ വേണ്ടി വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വനംവകുപ്പെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും പൂർണമായി കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പുർ മൂത്തേടത്ത് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. മുരളീധരൻ.
നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരേ രൂക്ഷവിമർശനമാണ് മുരളീധരൻ നടത്തിയത്. മയക്കുവെടിയേറ്റ പോലെയാണ് വനംമന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരംതാഴരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.