ആക്സിയം 4 ദൗത്യം; വിക്ഷേപണം 10ന്
Tuesday, June 3, 2025 11:18 PM IST
ഫ്ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അടക്കമുള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ദൗത്യം മാറ്റിവച്ചു. എട്ടിന് നടക്കുമെന്നറിയിച്ചിരുന്ന ആക്സിയം 4 ദൗത്യ വിക്ഷേപണം രണ്ട് ദിവസം വൈകി പത്തിനാകും നടക്കുക.
ഇന്ത്യൻ സമയം വൈകുന്നേരം 5:52 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. പതിനൊന്നിനാകും സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക.
മേയ് 29നാണ് ദൗത്യം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റിവെച്ചു. ആക്സിയോം സ്പേസിന്റെ പ്രോഗ്രാം ക്രമീകരണങ്ങളും തുടരുന്ന ക്വാറന്റൈൻ പ്രോട്ടോക്കോളും കാരണമാണ് ദൗത്യം വീണ്ടും നീട്ടിവെച്ചിരിക്കുന്നത് എന്നാണ് വിവരം.
യാത്രക്ക് മുന്നോടിയായുള്ള ക്വാറന്റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യുപി സ്വദേശി ശുഭാംശു ശുക്ല.