ബീച്ചിൽ കാണാതായ യമൻ വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുന്നു
Tuesday, June 3, 2025 8:13 PM IST
കൊച്ചി: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ യമൻ പൗരന്മാരായ രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, ഫയർ ഫോഴ്സ് എന്നിവരടങ്ങുന്ന സംഘം തെരച്ചിൽ തുടരുകയാണ്.
ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളാണ് ഇരുവരും.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്നും കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. ഇതിൽ ഏഴു പേരാണ് കടലിൽ കുളിക്കാനിറങ്ങിയത്.
പഠനം പൂർത്തിയാക്കി ജുബ്രാൻ ഖലീലും അബ്ദുൾ സലാം അവാദും അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.