ജലനിരപ്പുയരുന്നു; രണ്ടു നദികളിൽ പ്രളയ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്
Monday, June 2, 2025 12:56 PM IST
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
പത്തനംതിട്ട ജില്ലയിലെ മണിമലയാറിൽ (തോണ്ടറ സ്റ്റേഷൻ (വള്ളംകുളം)) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ ജില്ലയിലെ അച്ചൻകോവിലാറിൽ (നാലുകെട്ടുകവല സ്റ്റേഷൻ) യെല്ലോ അലർട്ടാണ്.
ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.