കീഴടങ്ങി ഒത്തുതീർപ്പിനില്ലെന്ന് കോൺഗ്രസ്; അൻവറിന്റെ നിലപാടിൽ അതൃപ്തി, സതീശനൊപ്പം അണിനിരന്ന് നേതാക്കൾ
Wednesday, May 28, 2025 2:11 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ട് മുൻ എംഎൽഎ പി.വി. അൻവർ നടത്തിയ പരസ്യവിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്. സതീശനെ ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു ഒത്തുതീർപ്പും വേണ്ടെന്ന തീരുമാനത്തിലാണ് നേതാക്കൾ.
യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാർട്ടിയും പരസ്യമായി എതിർപ്പ് അറിയിക്കുന്നത് എങ്ങനെ അംഗീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണം. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് പി.വി. അൻവർ ചെയ്യേണ്ടതെന്നാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചത്. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെയാണ്. അൻവർ ആദ്യം യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് രംഗത്ത് അന്‍വര്‍ വിലപേശലുമായി വരുന്നത് ആരോഗ്യകരമായ നല്ല ലക്ഷണമല്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. പ്രതികരിച്ചു. ആ തിരിച്ചറിവ് അന്‍വറിന് ഉണ്ടാകട്ടെയെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപാളയത്തിൽ നിന്ന് പുറത്തുവന്ന അൻവറിനോട് അനുഭാവം പുലർത്തിയിരുന്ന നേതാക്കൾ വരെ ഇന്ന് അൻവറിന്റെ നിലപാടിനോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയെന്നത് ശ്രദ്ധേയമാണ്. ഉപതെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സാഹചര്യത്തിൽ നേതാക്കൾ ഭിന്നതകളെല്ലാം മാറ്റിവച്ച് വി.ഡി. സതീശന്റെ പിന്നിൽ അണിനിരക്കുന്നത് ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.