അണ്ണാ സര്‍വകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരൻ
Wednesday, May 28, 2025 11:50 AM IST
ചെന്നൈ: തമിഴ്നാട് അണ്ണാ സര്‍വകലാശാല കാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ് വിധി.
കേസിൽ തിങ്കളാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും. ബലാത്സംഗം അടക്കം ഇയാൾക്കെതിരേ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞു.
2024 ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാമ്പസിൽ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി സര്‍വകലാശാല അധികൃതര്‍ക്കും പോലീസിനും പരാതി നല്കി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.