ജലനിരപ്പുയരുന്നു; അഞ്ചു പുഴകളിൽ പ്രളയ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്
Wednesday, May 28, 2025 10:52 AM IST
തിരുവനന്തപുരം: കനത്ത മഴയ്ക്കു പിന്നാലെ സംസ്ഥാനത്തെ അഞ്ചു പുഴകളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.
അതേസമയം, കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ്.
ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.