വസ്ത്രാക്ഷേപം നടത്തി, ചെളിവാരിയെറിഞ്ഞു, ദയാവധത്തിന് വിട്ടു; ഇനി പ്രതീക്ഷ കെ.സിയിൽ: തുറന്നടിച്ച് അൻവർ
Wednesday, May 28, 2025 10:04 AM IST
മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫിനെതിരേ കടുത്ത വിമർശനവുമായി പി.വി. അൻവര്‍. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഇന്ന് മുഖത്ത് ചെളിവാരി എറിയുകയാണെന്നും അൻവര്‍ തുറന്നടിച്ചു.
ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാലുപിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. കത്രികപ്പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. ഇനി കാലുപിടിക്കാനില്ല. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും.
മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും തനിക്ക് വേണ്ടി ഇടപെട്ടു. തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവര്‍ ഇരുവരുമാണ്. എന്നാല്‍ വി.ഡി. സതീശന് അടക്കം മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും അന്‍വര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച അൻവര്‍, യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പറഞ്ഞു. താൻ ചെയ്ത കുറ്റം എന്താണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പി.വി. അൻവര്‍ ചോദിച്ചു.
നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ചർച്ചകൾക്കും അനുനയ നീക്കത്തിനുമൊടുവിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അൻവർ രംഗത്തെത്തിയത്.