യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് തൃണമൂല്‍
Tuesday, May 27, 2025 10:49 AM IST
തിരുവനന്തപുരം: നിലമ്പൂരില്‍ യുഡിഎഫിനോട് വിലപേശലുമായി പി.വി.അന്‍വറും തൃണമൂല്‍ കോണ്‍ഗ്രസും. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കില്‍ അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു.
ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നും തൃണമൂലിന്റെ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.എ.സുകു അറിയിച്ചു. അന്‍വറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ കണ്ടത്.
അൻവറിന്റെ എതിർപ്പ് തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിനെതിരേ അൻവർ പരസ്യമായി രംഗത്തെത്തിയിരുന്നു.
തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണം എന്ന ആവശ്യമാണ് അൻവർ പ്രധാനമായും യുഡിഎഫ് നേതൃത്വത്തിന് മുന്നിൽവച്ചത്. ഇത് അംഗീകരിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് അൻവർ പരസ്യപ്രതികരണം നടത്തിയത്.
താൻ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് അവസരമൊരുക്കി. കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കിയാലും അവരെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും തന്റെ ഒരു ആവശ്യം പോലും കോൺഗ്രസ് അംഗീകരിച്ചില്ല എന്നാണ് അൻവറിന്റെ പരാതി.