ഭർത്താവുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ വാക്കുതർക്കം; യുവതി ജീവനൊടുക്കി
Sunday, May 25, 2025 12:51 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഭർത്താവുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി 10:30 ഓടെ ജിഐഡിഎ പോലീസ് സ്റ്റേഷന് കീഴിലുള്ള പിപ്രൗളിയിലാണ് സംഭവം നടന്നത്.
ബീഹാറിലെ സിവാൻ സ്വദേശിനിയായ ഖുഷി ആണ് മരിച്ചത്. നാല് വർഷം മുമ്പ് ബൻസ്ഗാവിലെ പുരാന ഗോളയിൽ നിന്നുള്ള നദീം അൻസാരിയെ ഖുഷി വിവാഹം കഴിച്ചിരുന്നു.
ദമ്പതികൾ പിപ്രൗളിയിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. തുടർന്ന് ജോലി ആവശ്യങ്ങൾക്കായി നദീം അൻസാരി സൗദി അറേബ്യയിലേക്ക് പോയി.
അടുത്തിടെ വീട്ടിലെത്തിയ ഇയാൾ അവധികഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രി മകൻ ആസിഫിനെ ഉറക്കി കിടത്തിയ ശേഷം ഖുഷി, നദീമിനെ വീഡിയോ കോളിൽ വിളിച്ചു.
തുടർന്ന് ഇവർക്കിടയിൽ വാക്കുതർക്കം ഉണ്ടായി. രാത്രി 10:59 ന് ആത്മഹത്യ ഭീഷണി മുഴക്കി ഖുഷി കോൾ കട്ട് ചെയ്തു. അപകടം തോന്നിയ നദീം, ഉടൻ തന്നെ ഒരു അയൽക്കാരനെ ബന്ധപ്പെട്ടു.
ഇയാൾ വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. തുടർന്ന് ഇയാൾ ജനാലയിലൂടെ നോക്കിയപ്പോൾ ഖുഷിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.